ഇത് ശബ്ദബ്ലോഗം

ഈയുള്ളവൻ അവർകളുടെ പ്രധാന ബ്ലോഗം വിശ്വമാ‍നവികം 1 ആണ്. ഈ ബ്ലോഗിൽ ചില ശബ്ദപരീക്ഷണങ്ങണാണ് ; അപശബ്ദങ്ങളേ !

Friday, November 12, 2010

പിടസ്വാതന്ത്ര്യം


ഈണമൊന്നുമില്ല
; ഒരു നർമ്മകവിത വായിക്കാം. ചുമ്മാ കേൾക്കുക!


PIDASWATHANTHRYAM പിടസ്വാതന്ത്ര്യം | Upload Music


കവിത

പിടസ്വാതന്ത്ര്യം

നല്ല ചെമ്പൂവും ആടകളും
വര്‍ണ്ണത്തൂവലും അങ്കവാലും
ആകെയഴകുള്ള പൂവനെപ്പോല്‍
ആകണമെന്നു പിടയ്ക്കു മോഹം

കൊക്കലും കൂകലും ചുറ്റിച്ചിറയലും
കൊത്തു കൂടുമ്പോഴൊക്കെ ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത നടത്തയും
ഒക്കെ മോഹിച്ചു പിടക്കോഴി

പൂവാല വേലകള്‍ ഒന്നും നടത്താതെ
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി

ആണിന്‍ മേധാവിത്വം മേലിലീ നാട്ടില്‍
വച്ചു പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ്‍ ദുരിതങ്ങളില്‍ നിന്നൊരു മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല തെല്ലും

മുട്ടയിട്ടീടുവാന്‍ കിട്ടില്ല കട്ടായം
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്‍റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന്‍ കണ്ടിട്ടു കാര്യം !

വട്ടിയ്ക്കകത്തട വച്ചാലിരിയ്ക്കില്ല
കുറ്റിരുട്ടില്‍ ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി വച്ചിട്ടതില്‍ മുട്ടിയും വച്ചാലും
തട്ടി മറിച്ചിടാനൊട്ടും മടിയ്ക്കില്ല

ചിക്കിച്ചികഞ്ഞിനി കുഞ്ഞുങ്ങളെത്തീറ്റാന്‍
പറ്റില്ല ചുറ്റി നടക്കില്ല നിശ്ചയം
തള്ളിയിരിക്കുവാന്‍ കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു,മില്ല മനസ്സില്ല

ചിന്നിച്ചിതറാതെ കുഞ്ഞുങ്ങളെക്കൂട്ടി
നോക്കി സൂക്ഷിക്കുവാന്‍ നേരമില്ല
കാക്കയെടുക്കാതെ പൂച്ച പിടിയ്ക്കാതെ
കാത്തു രക്ഷിക്കുവാനാളെത്തിരക്കണം

റാഞ്ചിയെടുക്കുവാന്‍ ചെമ്പരുന്തെത്തുമ്പോള്‍
കിള്ളിയെടുക്കുവാന്‍ കിള്ളിറാനെത്തുമ്പോള്‍
ചീറ്റി വിളിച്ചങ്ങു ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും വയ്യ തന്നെ

തള്ളയായ് പള്ളയും തള്ളി നടന്നാലും
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !

ചുറ്റിക്കളിച്ചിനി പറ്റി നടക്കാനും
പറ്റിച്ചു തിന്നാനും പറ്റില്ല പൂവാ
കൊത്തിച്ചവിട്ടുവാന്‍ പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല കുട്ടാ !

നേരമിരുട്ടിയാല്‍ കൂട്ടിലും കയറില്ല
ഒറ്റയ്ക്കും തെറ്റയ്ക്കും ചുറ്റി നടക്കും
പേടിച്ചിരിക്കുന്ന കാലം കഴിഞ്ഞു
നേരമേതായാലും ചെത്തി നടക്കും

കൂകലില്‍ പൂവന്‍റെ കുത്തക വേണ്ടിനി
തൊണ്ട കീറി കൂകി നാടുണര്‍ത്തും
അര്‍ദ്ധരാത്രിയ്ക്കു നിലാവു കണ്ടപ്പോള്‍
'കൊക്കരക്കോ'യെന്നു കൂകി പിടക്കോഴി

നേരം പുലര്‍ന്നതാണെന്നും കരുതി
വീട്ടുകാരോക്കെയും ഞെട്ടിയുണര്‍ന്നപ്പോള്‍
'ദോഷകാലം' വന്നു മാടി വിളിയ്ക്കുന്നു
'കൊക്കരക്കോ! കൊക്കരക്കോ!'

എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു
ചെന്നു പിടിച്ചു പിടക്കോഴിയെ
ഒട്ടുമമാന്തിക്കാന്‍ ഒന്നുമുണ്ടായില്ല
പെട്ടെന്ന് കണ്ടിച്ചു കറി വച്ചു തിന്നു !

Monday, October 18, 2010

ഭ്രാന്തി

ഒരു കവിത പറയുകയാണ്. ഇത് കേൾക്കാൻ അഡോബ് ഫ്ലാഷ് പ്ലേയർ നിങ്ങളുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകണം. ഇല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.



BHRANTHI | Upload Music

Monday, March 29, 2010

കടം

ഒരു കവിത പറയാം


KAVITHA | Music Upload

(അഡോബ് ഫ്ലാഷ് പ്ലേയർ ഉണ്ടെങ്കിലേ ഇത് കേൾക്കാൻ കഴിയൂ.)

കടം

കടമെടുത്ത
തുടിപ്പുമായ് ഞാൻ രാപ്പകലെണ്ണുന്നു
കിടന്നെണീയ്ക്കും എന്നാലെനിയ്ക്കുറക്കമേയില്ല
ഈടുവച്ചൊരുറപ്പിൽനിന്നും പുറത്തിറങ്ങാറായ്
ജപ്തി-ലേലം ചെണ്ടമേളം കേട്ടുറങ്ങാനോ?

കറുത്തനീതികൾ തിമിർത്തുവാഴും വിശാല ഭവനത്തിൻ
ഒഴിഞ്ഞ കോണിൽ ചായ്പ്പിറക്കി കിടപ്പുകാർക്കൊപ്പം
കീറപ്പായും എടുത്തുചെന്നാൽ കിടന്നുറങ്ങീടാൻ
എനിയ്ക്കുമല്പം വെറുംതറയതു പതിച്ചു കിട്ടീടും!

കളിക്കളത്തിൽ പരാജിതൻ ഞാൻ തളർന്നു പിന്മാറി
കരുക്കളൊന്നും കുരുത്തിടാത്തൊരു മനോമരുക്കാട്ടിൽ
കയർക്കുരുക്കെൻ കഴുത്തുഴിഞ്ഞ് കാറ്റിലാടുമ്പോഴും
കരിഞ്ഞസ്വപ്നക്കുറ്റികൾക്കോ തിളിർക്കുവാൻ മോഹം!

മരുപ്പച്ചകൾ മാഞ്ഞുപോയൊരു മണൽ‌പ്പരപ്പിൽ ഞാൻ
മനസ്സുകൊണ്ടൊരു ഹരിതവസന്തം വരച്ചുവച്ചപ്പോൾ
ഇരുട്ടുകൊണ്ടതു മറച്ചുവച്ചൂ തിമിരമേഘങ്ങൾ
പുലർച്ചയോളം കാത്തിടുന്നൂ പകൽ കടന്നീടാൻ....!

ഇനിയുമേറെ കിനാക്കൾ കാണാൻ കൊതിച്ചിടാ‍ഞ്ഞല്ല
ഉറവവറ്റിയ നദിയിലെങ്ങനെ കുളിച്ചുകയറാൻ ഞാൻ?
പതിവു തെറ്റിയ ജീവതാളം പണിമുടക്കുമ്പോൾ
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇരന്നു വാങ്ങണ്ടേ?

വിരുന്നു വന്നൊരു രോഗപീഡകൾ തിരിച്ചുപോകാതെ
പൊറുതിയ്ക്കായ് പകുത്തെടുത്തെൻ ദേഹഭാഗങ്ങൾ
കുതിച്ചു പായാൻ കൊതിച്ചിനിയും ശ്രമിച്ചുനോക്കേണ്ട
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ

ഇനിയുമെത്ര തുടിപ്പുകൾ മിടിയ്ക്കുവാൻ ബാക്കി
എന്നതോർത്തും തുടിപ്പിനെണ്ണം കുറഞ്ഞുപോയീടാം
വരണ്ട നാവിൻ തുമ്പിലെന്തോ വെമ്പി നിൽക്കുന്നു
പറയുവാനുണ്ടെന്തോ പക്ഷെ പറഞ്ഞു തീർന്നിടുമോ?

തരുക്കളൊന്നും തളിർത്തിടാത്തൊരു തരിശിടത്തിങ്കൽ
നിലമൊരുക്കി നട്ടുനനയ്ക്കാൻ ജലം തിരക്കി ഞാൻ
കരഞ്ഞുവറ്റിയ കണ്ണീർചാലിൻ കരയ്ക്കിരിയ്ക്കുമ്പോൾ
തഴുകുവാനായ് പരതി വരുന്നതു ചുട്ടമരുക്കാറ്റും!

ചൊല്ലക്കം

ചൊല്ലക്കം

കവിത പറയുന്ന ഇടം